2024-12-10 20:23
ബോക്സ് ഓഫീസെന്നാൽ ബോളിവുഡ് എന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ കൊവിഡിന് ശേഷം അക്കഥ പഴങ്കഥയായി. മറ്റ് ഇന്റസ്ട്രികൾ മഹാമാരിയ്ക്ക് ശേഷം തങ്ങളുടെ മേഖലയെ മുന്നോട്ട് കൊണ്ടുപോയപ്പോൾ ബോളിവുഡിന് അതിന് സാധിച്ചില്ല. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും വൻ പരാജയം നേരിട്ടു. ഭൂൽ ഭൂലയ്യ 3, സ്ത്രീ 2, ട്വൽത്ത് ഫെയിൽ തുടങ്ങിയ സിനിമകളാണ് ഇതിന് നേരിയൊരാശ്വാസം നൽകിയത്.
പരാജയ സിനിമകളിൽ മുന്നിൽ നിൽക്കുന്ന നടന്മാരിൽ പ്രധാനി അക്ഷയ് കുമാറാണ്. നിർമാതാക്കൾക്ക് മുതൽ മുടക്കുപോലും ലഭിക്കാത്ത അവസ്ഥയാണ് താരത്തിന്റെ പടത്തിനുള്ളത്. ഈ അവസരത്തിലാണ് പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇന്നിതാ അതിന് ആരംഭമായിരിക്കുകയാണ്. ഭൂത് ബംഗ്ലാ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായി അക്ഷയ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.